തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
സംസ്ഥാന സര്‍വീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിന്‍ഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയാണ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്സിലെ പഠനത്തിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
മൂന്ന് പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതത്തില്‍ ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്സണല്‍ ആന്റ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെയുള്ള തസ്തികകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അച്യുത് ശങ്കറിനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സര്‍വകലാശാലയിലെ ബയോഇന്‍ഫോര്‍മാറ്റിക്‌സ് വകുപ്പിന്റെ തലവനായിരുന്നു. സി-ഡിറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന് നേതൃത്വം നല്‍കിയത് അച്യുത് ശങ്കറായിരുന്നു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
