മലപ്പുറത്ത് നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറന്റൈനില്‍ ഉള്ളവര്‍ 21 ദിവസം തുടരണം. സമ്പര്‍ക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരമാവധി ആളുകളുടെ സമ്പര്‍ക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകള്‍ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സര്‍വേയുടെ ഭാഗമായി സന്ദര്‍ശനം നടത്തുന്നുണ്ട്.
7239 വീടുകളില്‍ സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേയില്‍ 439 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി. അതില്‍ നാല് പേര്‍ കുട്ടിയുമായി സമ്പര്‍ക്കം ഉള്ളവരാണ്. മൊബൈല്‍ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവര്‍ത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം ഇന്ന് മലപ്പുറത്ത് എത്തി വവ്വാല്‍ സാംപിളുകള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.