ന്യൂ ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പിഴവുകൾ ഇനി അംഗീകരിക്കാൻ കഴിയില്ലെന്നും, നിലവിലുള്ളത് താല്ക്കാലിക സംവിധാനമാണോ എന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, സ്വീകരിച്ച നടപടികൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.
നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടപ്പാക്കാൻ കഴിയുമോയെന്നും, ഡേറ്റാ ചോർച്ചയില്ലാതെ എങ്ങനെ പരീക്ഷ നടത്താമെന്നും വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡേറ്റാ സുരക്ഷ ഉൾപ്പെടെയുള്ളവ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. വിഷയത്തിൽ സമഗ്രമായ കാഴ്ചപ്പാട് സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
