അമ്മ അറിയാതെ കുഞ്ഞിനെ ദത്തുകൊടുക്കാൻ കൂട്ടുന്നവരെ കുറിച്ചുള്ള വനിത-ശിശു ക്ഷേമ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൻമേൽ മൂന്ന് വ‍ർഷം കഴിഞ്ഞിട്ടും നടപടി എടുക്കാതെ സർക്കാർ. കുട്ടിയെ ദത്തുകൊടുത്തതിനെ കുറിച്ച് അന്വേഷണം നടത്തിയ ടി വി അനുപമ ഐഎഎസിന്‍റെ റിപ്പോർട്ടിന്‍റെ പകർപ്പ് പോലും പരാതിക്കാരിക്ക് ഇതുവരെ നൽകിയിട്ടില്ല. സർക്കാർ പൂഴ്ത്തിയ റിപ്പോർട്ടിലെ ആരോപണ വിധേയർ ഇപ്പോഴും പാർട്ടിയുടെയും സർക്കാരിന്‍റെയും ഉന്നത സ്ഥാനങ്ങളിലാണ്.അമ്മയായ അനുപമയുടെ സമ്മതമില്ലാതെ രക്ഷിതാക്കള്‍ കു‍ഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു. ഈ കുഞ്ഞിനെ ദത്ത് നിയമങ്ങളെല്ലാം ലംഘിച്ച് കുഞ്ഞിങ്ങളില്ലാത്ത മറ്റൊരു രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. കു‍ഞ്ഞിനെ തിരികെ കിട്ടാനായി സിഡബ്ലുസിയെ അനുപമ സമീപിച്ചു. പക്ഷെ അവിടെയും നീതി കിട്ടയില്ല. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഒരു അമ്മ നടത്തിയ സഹന സമരത്തോടെ സർക്കാരിന് ഇടപെടേണ്ടിവന്നു. ദത്ത് റദ്ദാക്കി കു‍ഞ്ഞിനെ തിരികെ കൊടുക്കാൻ കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയതോടെ, നിയമവഴിയിൽ കുഞ്ഞിനെ അനുമപക്ക് തിരികെ കിട്ടി. സിപിഎം നേതാവായ അച്ഛന് നേതാക്കള്‍ നൽകിയ സഹായത്തോടെയാണ് കുഞ്ഞിനെ കടത്തിയതെന്നായിരുന്നു അനുപമ മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതി. നിയമലംഘനങ്ങള്‍ക്ക് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരുന്ന ഷിജു ഖാനും, സിഡബ്ല്യുസി ചെയർപേഴ്സൺ സുനന്ദയും കൂട്ടുനിന്നുവെന്നായിരുന്നു പരാതി.പരാതി അന്വേഷിച്ച അന്നത്തെ ഡയറക്ടർ ടി വി അനുപമ ആരോപണ വിധേയരുടെ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കോള്‍ഡ് സ്റ്റോറിജിൽ വച്ചിട്ട് രണ്ട് വർഷം കഴിയുന്നു.റിപ്പോർട്ടിൻമേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ഡോ. എം കെ മുനീറിന്‍റെ ചോദ്യത്തിന് ശുപാർശകളിലെ തുടർനടപടിക്കായി എജിയുടെ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് മന്ത്രി വീണ ജോർജ് 2022 ഫെബ്രുവരി 22ന് നൽകിയ നിയമസഭയിൽ മറുപടിയിൽ പറഞ്ഞത്. പക്ഷെ ഇന്നുവരെ റിപ്പോർട്ടിൽ പരാമർശിച്ചവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. റിപ്പോർട്ടിന്‍റെ പകർപ്പ് പോലും വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും പരാതിക്കാരിക്ക് നൽകിയിട്ടില്ല. അനുപമ നൽകിയ പൊലീസ് കേസിലും ഒരു നടപടിയുമുണ്ടായില്ല. നവകേരള സദസിൽവരെ അനുപമ പരാതി നൽകി. അനുപമയുടെ പരാതിയിൽ നടപടി വൈകിപ്പിക്കുന്ന പേരൂർക്കട പൊലിസിന് തന്നെയാണ് നവകേരള സദസ്സിൽ കിട്ടിയ പരാതി തുടർനടപടിക്കായി കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *