വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം 25ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ആറംഗ സംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തി. പാറയും മണ്ണും മണലുമെല്ലാം ഉള്‍പ്പെടെ 25 ലക്ഷം മീറ്റര്‍ ക്യൂബ് വസ്തുക്കള്‍ ഉരുളില്‍ ചൂരല്‍മലയിലേക്ക് ഒഴുകിയെത്തിയെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ കണ്ടെത്തല്‍.
അതിശക്ത മഴയില്‍ പാളികളായ പാറയും മണ്ണും നിരങ്ങി ഇറങ്ങിയതാണ് ഉരുള്‍പൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടങ്ങളില്‍ അണക്കെട്ട് രൂപപ്പെട്ട് പൊട്ടിയത്(ഡാമിങ് ഇഫക്ട്) ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. നേരത്തെ 18ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു തീരുമാനം. ഓണം അവധിയെ തുടര്‍ന്നാണ് നീണ്ടത്. പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് നല്‍കി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങള്‍ പരിശോധിച്ചും റിപ്പോര്‍ട്ട് നല്‍കി.