പട്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി നടത്തിയ പരാമർശം വൻ വിവാദമാകുന്നു. പെൺകുട്ടികൾ വീട്ടിലിരിക്കേണ്ടവരാണെന്നും അവർക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നുമാണ് മന്ത്രിയുടെ വാദം. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ സ്ത്രീവിരുദ്ധ പരാമർശം.
“എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെൺമക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. അവർ വീട്ടിലിരിക്കുന്നതാണ് ഭംഗി. നരേന്ദ്ര മോദിജി സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുമ്പോൾ പെൺമക്കൾ എന്തിനാണ് തെരുവിലിറങ്ങുന്നത്?” വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘അവകാശമൊക്കെ താനേ വന്നുകൊള്ളും’ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം കലർന്ന മറുപടി.
മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്. സാക്ഷരതാ നിരക്കിൽ പിന്നിലുള്ള ബിഹാറിൽ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാനാണോ സർക്കാരിന്റെ നീക്കമെന്ന് പലരും ചോദിക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെയും സഖ്യകക്ഷികളുടെയും ഇരട്ടത്താപ്പാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു.
