പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട സര്‍ക്കാര്‍ നിലപാടിനെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ നീക്കം. മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം നേതൃതലത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. മന്ത്രിമാരെ രാജിവപ്പിച്ച ശേഷം പുറത്തുനിന്ന് പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.

സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷത്തിനും മന്ത്രിമാരെ പിന്‍വലിച്ച് പ്രതിഷേധം രേഖപ്പെടുത്തണമെന്നാണ് അഭിപ്രായം. സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സിപിഐക്കകത്തും പുറത്തും നേതാക്കള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സിപിഐ സെക്രട്ടേറിയറ്റിലെ 9 അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും മന്ത്രിമാരെ പിന്‍വലിക്കണമെന്നാണ് നിലപാട്.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും സമാന നിലപാട് തന്നെയാണുള്ളത്. സംസ്ഥാന കൗണ്‍സിലിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്ര ശക്തമായ ഒരു നടപടി സ്വീകരിക്കാനും മന്ത്രിമാരെക്കൊണ്ട് രാജിവയ്പ്പിക്കാനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ധാര്‍മിക കരുത്തുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം സര്‍ക്കാരിനെ പൂര്‍ണമായി തള്ളാതെയാണ് കെ പ്രകാശ് ബാബുവിന്റെ പ്രതികരണം. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *