തരൂരിന് തലസ്ഥാനത്ത് വൻവരവേൽപ്പ്;മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനെന്നും ചിലര്‍ അത് മറന്നുവെന്നും തരൂര്‍

0

തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂർ.മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.കോര്‍പറേഷനിലെ ജോലിയെ പാര്‍ട്ടിയുടെ ജോലിയാക്കാന്‍ മേയര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയര്‍ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകള്‍ ക്ഷമിക്കാനാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് തരൂർ പ്രതിഷേധ വേദിയിലെത്തിയത്.സമര പരിപാടികളിൽ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയിൽ വെച്ചുതന്നെ ഉത്തരം നൽകി.’എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ സാധിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.തലസ്ഥാന നഗരിയിൽ വൻ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവർത്തകർ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പരിപാടിയിൽ കെ.എസ്. ശബരീനാഥൻ, പാലോട് രവി, എൻ ശക്തൻ, ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വൻനിരയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here