ബാംഗ്ലൂര്‍ : ഒരു ധര്‍മ്മ ശാസ്ത്രവും മതനിയമവും പാലിക്കാതെ യുവ തലമുറയെ വളര്‍ത്താന്‍ ശ്രമിക്കുന്ന സ്വതന്ത്ര ചിന്തകര്‍ കുടുംബങ്ങളില്‍ അസ്വസ്ഥയും അശാന്തിയും പടര്‍ത്തുകയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
ബാംഗ്ലൂര്‍ കെ.എം.സി.സി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് വെക്കാനും സ്വതന്ത്രചിന്ത കാരണമാവുന്നുണ്ട്. മാതാപിതാക്കളും മക്കളും തമ്മില്‍ ജൈവശാസ്ത്രത്തിന്നും രസതന്ത്രത്തിന്നുമപ്പുറമുള്ള ആത്മീയവും വൈകാരികവുമായ ബന്ധങ്ങള്‍ക്ക് അവര്‍ വില കല്പിക്കുന്നില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങളും വിനോദങ്ങളും സാമ്പത്തിക സമ്പാദ്യവും മാത്രമാണവര്‍ ലക്ഷ്യമാക്കുന്നത്. അത് കൊണ്ട് തന്നെ പ്രായമായ അച്ഛനമ്മമാരെ തെരുവിലിറക്കുകയും അവരെ വൃദ്ധസദത്തിലയക്കുകയും ചെയ്യുന്ന പ്രണത വര്‍ദ്ധിച്ച് വരികയാണ്. ശരിയായ ദൈവവിശ്വാസവും ധാര്‍മ്മിക മൂല്യങ്ങള്‍ പാലിച്ചുള്ള ജീവിതവുമാണ് മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമാ മുസഫര്‍ ചെന്നൈ മുഖ്യാതിഥിയായി. ശമീമ ഇസ്ലാഹിയ്യ കണ്ണൂര്‍ കുടുംബ ജീവിതം എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചു.