മനുഷ്യൻ്റെ ജീവന്നും സ്വത്തിനും ഭീഷണിയുയർത്തുന്ന ജിന്ന് ചികിത്സകർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരിൽ ശക്തമായ നിയമ നടപടികളുണ്ടാവണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
കാന്തപുരം സലഫി മസ്ജിദ് മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ചികിത്സ എന്ന പേരിൽ നടക്കുന്ന മാരണം, കൂടോത്രം, മന്ത്രവാദം, ജിന്നുകളോട് പ്രാർത്ഥിക്കുക തുടങ്ങിയവ നിയമം മൂലം നിരോധിക്കുകയും അത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. മതപണ്ഡിതൻമാരായി അറിയപ്പെടുന്ന ചിലർ കാസർക്കോട്ട് കൊലപാതകം നടത്തിയ ജിന്നുമ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അത്തരക്കാരെ ശിക്ഷക്ക് വിധേയരാക്കാൻ സർക്കാർ തെയ്യാറാവണം. മനുഷ്യന്ന് സുരക്ഷിതത്വവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ ശുദ്ധമായ തൗഹീദിലേക്ക് മടങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അബ്ദുസ്സത്താർ കൂളിമാട് , അബ്ദുസ്സലാം കാന്തപുരം, നൗഷാദ് കാക്കവയൽ, കെ. ടി. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മുഹമ്മദ് മാസ്റ്റർ, എം. പി. അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കാന്ത പുരത്തും പരിസരത്ത് നിന്നുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.