സ്‌പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്രിസ്തുമസ് ആശംസകൾ നേർന്നു.

സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായ യേശുവിൻ്റെ ജനനദിവസം നാം ആഘോഷിക്കുന്നത് ലോകത്തിന് ശാന്തിയും സമാധാനവും ആശംസിച്ചുകൊണ്ടാണ്. ഇതര സമൂഹ വിഭാഗങ്ങളെ ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതകൾ രൂക്ഷമാകുന്ന ഒരു കാലത്ത് ക്രിസ്മസിൻ്റെ സന്ദേശം ശരിയായി ഉൾക്കൊണ്ട് മനുഷ്യസ്നേഹികളാകാൻ എല്ലാവർക്കും കഴിയട്ടെ. ലോകത്ത് ശാന്തിയും സമാധാനവും സമഭാവനയും പുലരട്ടെ എന്ന് ആശംസിക്കുന്നുവെന്നും സ്‌പീക്കർ തൻറെ ആശംസ സന്ദേശത്തിൽ പറഞ്ഞു.

നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും മറികടന്ന് സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് തിരുപ്പിറവി നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നമ്മളെല്ലാം ക്രിസ്മസ് ആഘോഷിക്കുകയാണ്. പ്രത്യാശയുടേത് കൂടിയാണ് തിരുപ്പിറവി. നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും മറികടന്ന് സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് തിരുപ്പിറവി നല്‍കുന്നത്.

പ്രത്യാശയുടെ മോചകന്‍ പിറന്നതിന്റെ ആഘോഷമാണ് തിരുപ്പിറവി ദിനത്തില്‍ നടക്കുന്നത്. പ്രപഞ്ചത്തിന്റെയും ലോകത്തിന്റെയും എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി സ്വന്തം മോചനമൂല്യം നല്‍കിയ ആളാണ് യേശുക്രിസ്തു. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൂടിയാണ് തിരുപ്പിറവി ആഘോഷം നാം ഓരോരുത്തര്‍ക്കും നല്‍കുന്നത്. ക്രിസ്തുവിന്റെ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് ജീവിതത്തില്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവരുടെ സങ്കടങ്ങള്‍ കൂടി പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും തീഷ്ണമായ പ്രയത്‌നങ്ങളും നടത്താന്‍ സാധിക്കുന്നത്.

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങളും പ്രത്യാശയും ഉണ്ടാക്കാന്‍ കഴിയുന്നതാകട്ടെയെന്ന് ആശംസിക്കുന്നു- വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *