സമൂഹ മാധ്യമത്തിൽ രാമായണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. അത് ഫേസ്ബുക്കിൽ പങ്കു വെച്ച പഴയ ഒരു കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും എം എൽ എ വ്യക്തമാക്കി.
വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.
‘‘കഴിഞ്ഞ ദിവസം എഫ്‌ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.’’ – ബാലചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്സ്ബുക് പോസ്റ്റ് ബാലചന്ദ്രൻ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് വിമർശനവുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു