ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി നൽകിയ മൃഗസംരക്ഷണ സംഘടനകളെയും പരിസ്ഥിതി സംഘടനകളെയും വിമർശിച്ച് മുൻ മന്ത്രി എം എം മണി. ആനയെ പിടികൂടുവാൻ തീരുമാനിച്ചത് കൊല്ലാനല്ല വളർത്തുവാനാണ്. പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ എന്നും എം എം മണി ഇടുക്കിയിൽ പറഞ്ഞു.

മൃഗ സ്നേഹികൾ കാട്ടാനയെ തുറന്ന് വിടണമെന്ന് പറഞ്ഞ ഉൾക്കാട് എവിടെയാണെന്ന് കാണിക്കണം. ഉൾക്കാട്ടിൽ നിന്ന് തുരത്തുന്ന മൃഗങ്ങളാണ് നാട്ടിൽ ജനവാസ മേഖലയിൽ തമ്പടിക്കുന്നതെന്നും ഇത്തരം സംഘടനകൾ ഇടുക്കിക്കാർക്ക് എന്നും ദോഷം മാത്രമേ ചെയ്തിട്ടുള്ളെന്നും എം എം മണി കുറ്റപ്പെടുത്തി.

കോടതിയിൽ ഏതൊരാൾക്കും പരാതി നൽകുവാനുള്ള അവകാശമുണ്ട്, എന്നാൽ മറ്റുള്ളവരുടെ ജീവന് തന്നെ ഭീഷണിയായി മാറിയ ഒരു വിഷയത്തിൽ തടസ്സവാദമുന്നയിക്കുന്നത് ശരിയല്ല. അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ചത് കാരണം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. കുങ്കിയാനകൾ അടക്കം ചിന്നക്കനാലിൽ തമ്പടിച്ചിരിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും ഇവയുടെ ചിലവിനായി പണം നഷ്ടമാക്കുകയാണ്.

29ന് കേസ് പരിഗണിച്ച് ദൗത്യം പൂർത്തിയാക്കുവാൻ ഹൈക്കോടതി അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകും. മനുഷ്യ ജീവന് ഭീഷണിയാകുന്നത് എന്തായാലും ഒഴിവാക്കണമെന്നതാണ് തന്റെ നിലപാടെന്നും എം എം മണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *