വയനാട്ടിൽ നിന്ന് കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിൽ എത്തിയതോടെ മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ഡ്രിൽ ഉടൻ നടത്താൻ വനം വകുപ്പ്.കാട്ടാനയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ കോടതി തടഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി.

പത്തുമണിയോടെ ചിന്നക്കനാലിൽ എത്തിയ കോന്നി സുരേന്ദ്രനും, കുഞ്ചുവും ദിവസങ്ങൾക്ക് മുൻപേ എത്തിയ വിക്രമിനും, സൂര്യനുമൊപ്പം കുങ്കി താവളത്തിലാണുള്ളത്. അരികൊമ്പനെ പിടിക്കാൻ സർവ്വസന്നാഹങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒരു പക്ഷേ, നാളെത്തന്നെ മോക്ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി വന്നാൽ ദൗത്യത്തിലേക്കും കടക്കും.

അഡ്വക്കേറ്റ് ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *