കടുത്ത ബ്രസീൽ ആരാധികയോട് മെസിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞാൽ എങ്ങനെയിരിക്കും?. അത് പരീക്ഷയ്ക്ക് ചോദ്യമായാലോ?. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാംക്ലാസുകാരി റിസ ഫാത്തിമയുടെ ഉത്തരപേപ്പറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്.മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.

എന്നാൽ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു.ഉത്തരക്കടലാസിൽ ‘ ഞാൻ എഴുതൂല, ഞാൻ ബ്രസീൻ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ എന്നായിരുന്നു റിസ എഴുതിയത്.പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അധ്യാപകനായ റിഫാ ഷാലീസ് ഈ വ്യത്യസ്തമായ മറുപടി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *