കരിപ്പൂർ. വിമാനമാർഗ്ഗം യാത്രക്കാർ കടത്തികൊണ്ടു വരുന്ന സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശി ഫാത്തിമ നിവാസിൽ മജീഫ് (28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ട് കുടി ടോണി ഉറുമീസ് (34) എന്നിവരെയാണ് കരിപ്പൂർ പോലീസും നിലമ്പൂർ, കൊണ്ടോട്ടി ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന 4 പേർ ഓടി രക്ഷപ്പെട്ടു.

ജില്ലാ പോലീസ് മേധാവി S.സുജിത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ന്യൂ മാൻ ജംഗ്ഷനിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഗവൺമെൻറ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വ്യാജ നമ്പർ പ്ലേറ്റു വെച്ച ജീപ്പിലാണ് ആറംഗ സംഘം സഞ്ചരിച്ചിരുന്നത്.

പരിശോധനക്കായി പോലീസ് സമീപിച്ച സമയം പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും രണ്ടു പേരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു. വിമാന മാർഗ്ഗം കടത്തികൊണ്ടു വരുന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വേണ്ടി എത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോടു പറഞ്ഞു.

പിടിയിലായ മജീഫ് കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയുടെ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ മാസം 3 ന് എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്ത്തി 26 ലക്ഷം കവർന്ന കേസ്സിലെ പ്രതിയാണ് മജീഫ്. ഈ കേസ്സിൽ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.

മജീഫും ടോണിയും മുൻപും കവർച്ചാ കേസ്സിൽ ഉൾപ്പെട്ടവരും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *