അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്

തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിൽ ഗുരുവായൂർ ദേവസ്വം അന്വേഷണം നടത്തും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടോ എന്നും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.

ഞായറാഴ്ചകളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം അനുവദനീയമല്ലെന്ന നിയമം ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. രമേശ് ചെന്നിത്തല ഒഴികെയുള്ളവർ സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ചെയർമാൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആചാരപരമായ രീതിയിലാണോ ദർശനം നടത്തിയത് എന്ന് പരിശോധിക്കും. ക്ഷേത്രവളപ്പിലും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപവും ഫോട്ടോ, വീഡിയോ ചിത്രീകരണം നിരോധിച്ചതാണ്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയതായും റീൽസ് ചിത്രീകരിച്ചതായും പരാതിയുണ്ട്. മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. ഭക്തരെ തടഞ്ഞ് വിഐപികൾക്ക് സൗകര്യമൊരുക്കിയത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *