ന്യൂ ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ നൽകേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി മാത്രമായിരിക്കും ലഭ്യമാക്കുക. നേരത്തെ വിമാനത്താവളങ്ങളിൽ നേരിട്ട് നൽകിയിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, രോഗ വ്യാപനം തടയുന്നതിനായുള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.
വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് യാത്രക്കാരിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ യാത്രക്കാർക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിച്ചു നൽകാൻ സാധിക്കും. ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രാ വിവരങ്ങളും ആരോഗ്യസ്ഥിതിയും കൃത്യമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും. എബോള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വിമാനത്താവളങ്ങളിലെ പരിശോധനകൾ ശക്തമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
