തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ബിഗ് സ്‌ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി രാസപരിശോധനയിൽ സ്ഥിരീകരണം. കാക്കനാട് റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞത്.
കരിമണ്ണൂർ എസ്.ഐ റോയ്, സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ ജിജോ ആന്റണി എന്നിവരാണ് മദ്യപിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനത്തിനിടെ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ സ്ഥലത്തുതടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു. ഇവർക്കെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് ശുപാർശ കൈമാറി.
