ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എഎപി എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്ന് എഎപി വ്യക്തമാക്കി. രാജ്യവ്യാപകമായി ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷന്‍ ലോട്ടസ്’ ഡല്‍ഹിയിലും പയറ്റാന്‍ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ ചേരാനായി എംഎല്‍എമാര്‍ക്ക് 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞദിവസം എഎപി എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആം ആദ് മി പാര്‍ട്ടി പിളര്‍ത്താന്‍ കൂട്ടു നില്‍ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം നല്‍കിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

ബിജെപി പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണെന്ന് ദേശീയ വക്താവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ‘സര്‍ക്കാരില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങള്‍ തരുന്ന 20 കോടി സ്വീകരിക്കാം അല്ലെങ്കില്‍ സിബിഐ കേസ് വരുമെന്ന് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി’- എഎപി ദേശീയ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.

ബിജെപി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എഎപി എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജയ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ ബിജെപി സമീപിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎല്‍എമാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *