എം. സിബ്ഗത്തുള്ള
ജനശബ്ദം നൂസ്

കുന്ദമംഗലം : ശമ്പളവും പെന്‍ഷനും തുടരെ തുടരെ പ്രതിസന്ധിയാവുന്നകെ എസ് ആര്‍ ടി സിയില്‍ വരുമാനം കൂട്ടാന്‍ തന്നാലാവും വിധം പ്രയത്‌നിക്കുകയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായി ജോലി ചെയ്യുന്ന പേരാമ്പ്ര നൊച്ചാട് ഓരോമ്പോക്കില്‍ ഷിജിനേഷ്. ഏത് റൂട്ടിലോടുന്ന ബസില്‍ ജോലിക്ക് കയറിയാലും തന്റെ ബസ്സില്‍ നിറയെ യാത്രക്കാരുണ്ടാവണം എന്ന് ആഗ്രഹമുണ്ട് ഷിജിനേഷിന്.

ബസില്‍ ടിക്കറ്റ് കൊടുക്കുന്ന തിരക്കാണെങ്കില്‍ പോലും ഓരോ ബസ് സ്റ്റോപ്പും ഇദ്ദേഹം ശ്രദ്ധിക്കും. ഡോറില്‍ നിന്ന് ബസ് പോകുന്ന റൂട്ട് ഉറക്കെ വിളിച്ച് പറയും സ്‌നേഹത്തോടെ യാത്രക്കാരെ ബസ്സില്‍ വിളിച്ച് കയറ്റും. സ്വകാര്യ ബസുകള്‍ കുതിച്ച് പാഞ്ഞ് ആളെ കയറ്റാന്‍ മത്സരിക്കുന്ന റൂട്ടിലായാല്‍ പോലും ഷിജിനേഷ് തികഞ്ഞ സംയമത്തോടെ തന്റെ ജോലി തുടരും. ഒപ്പം ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരുമായി യാതൊരു തര്‍ക്കത്തിനും വഴി വെക്കാത്ത രീതിയില്‍ തന്റെ ബസ്സിലേക്ക് ആളുകളെ വിളിച്ച് കയറ്റും.

മുഹ്‌സിന്‍ ഭൂപതി പകര്‍ത്തിയ ദൃശ്യങ്ങള്‍

സാധാരണ റൂട്ടുകളിലും, ദീര്‍ഘ ദൂര ബസ്സിലാണ് ജോലിയെങ്കില്‍ ബ്ലൂട്ടൂത് സ്പീക്കര്‍ ഉപയോഗിച്ച് യാത്രയിലുടനീളം യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാനുള്ള സൗകര്യവും ഷാജിനേഷ് ഒരുക്കും. മലയാളത്തിലെ തിരഞ്ഞെടുത്ത പാട്ടുകള്‍ ആണ് യാത്രക്കാര്‍ക്കായി ബസ്സില്‍ വെച്ചു കൊടുക്കുക. ഓരോ യാത്രക്കാരനും യാത്രയുടെ ലക്ഷ്യം പലതായിരിക്കും അതു പോലെ മാനസികാവസ്ഥയും. പാട്ടു കേട്ട് മനസ്സമാധാനത്തോടെ ഓരോ ആളും തന്റെ ലക്ഷ്യത്തിലേക്ക് ബസ്സിറങ്ങട്ടെയെന്നാണ് ലിജിനേഷ് പറയുന്നത്. ഷിജിനേഷിന് ഇത് ശമ്പളം കിട്ടുന്ന വെറുമൊരു ജോലി മാത്രമല്ല , ആളുകളെ സുരക്ഷിതമായി കൃത്യ സ്ഥലത്ത് എത്തിക്കുന്നത് ഒരു സേവനമായിട്ട് കൂടിയാണ് ഈ ചെറുപ്പക്കാരന്‍ കാണുന്നത്. ഒരു തവണ ഷിജിനേഷ് ജോലി ചെയ്ത ബസ്സില്‍ കയറിയ യാത്രക്കാര്‍ ഇദ്ദേഹത്തെ പിന്നെ കണ്ടാലും തിരിച്ചറിയും . ജോലിയിലെ ആത്മാര്‍ത്ഥതയാണ് ഷിജിനേഷിനെ മറ്റുള്ള ജീവനക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നാണ് ബസ്സിലെ യാത്രക്കാരുടേയും അഭിപ്രായം. ഇത്തരത്തില്‍ മികച്ച സേവനം നടത്തുന്ന ജീവനക്കാരെ കണ്ടെത്തി മാതൃകാ പരമായ പ്രോത്സാഹനം നല്‍കിയാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസിന്റെ കഷ്ടകാലം തന്നെ മാറി സര്‍വീസ് മെച്ചപ്പെടും എന്നും ജീവനക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *