മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂര്‍ കലക്കലില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. എഡിജിപി എംആര്‍ അജിത് കുമാറാണ് പൂരം കലക്കാന്‍ പ്ലാനിട്ടതെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളാണ് കണ്ടത്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അജിത് കുമാര്‍ തന്നെയാണ് അന്വേഷിക്കുന്നത്. വീണിടത്ത് കിടന്ന് ഉരുളുന്ന പരിപാടിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് പോലും വരാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയതെന്നും എന്തിനാണ് ആംബുലന്‍സില്‍ സുരേഷ് ഗോപി അവിടേക്ക് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് എഡിജിപി ആദ്യം ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും അത് പ്രവര്‍ത്തിക്കുകയാണ് പൂരകലക്കലില്‍ എഡിജിപി ചെയ്തതെന്ന് വിഡി സതീശന്‍ ആരോപിച്ചു. അജിത് കുമാര്‍ പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. അദ്ദേഹം ഒന്നും അറിഞ്ഞിട്ടില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് സതീശന്‍ പറഞ്ഞു.

അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് അദ്ദേഹം പറഞ്ഞു. പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രമേ അന്വേഷിക്കുന്നുള്ളൂ. എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രിയെന്നാണ് ചോദിക്കാനുള്ളതെന്ന് വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായതോടെയാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പിവി അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. യുഡിഎഫും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സം?ഗ കേസില്‍ അറസ്റ്റിലായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമരം പരിപാടിയുമായി മുന്നോട്ടുപോകും. സര്‍ക്കാറിന് വേണ്ടപെട്ടവര്‍ക്ക് എതിരെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *