പാലക്കാട് നിയോജക മണ്ഡലത്തിലെ ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്ത് രാജി പ്രഖ്യാപിച്ച അബ്ദുൽ ഷുക്കൂറിന്റെ പിണക്കം മാറ്റി സി പി ഐ എം.പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ എൽഡിഎഫ് കൺവൻഷൻ വേദിയിലെത്തി. നല്ല ജനപിന്തുണയുള്ള നേതാവുമായ അബ്ദുൽ ഷുക്കൂർ പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ്.
അതെ സമയം, മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് രംഗത്തെത്തി.പാലക്കാട്ടെ സിപിഐഎമ്മിനെ പറ്റി ആർക്കും ഒരു ചുക്കും മനസിലായിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇറച്ചിക്കടയിലെ പട്ടികളെ പോലെ മാധ്യമങ്ങൾ അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
അതിനിടെ പാർട്ടിയോട് ഇടഞ്ഞ് പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ഷാനിബ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇടത് സ്ഥാനാർത്ഥി പി.സരിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതേത്തുടർന്ന് ഇദ്ദേഹം ഡോ.പി.സരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും സരിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.