തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതിന് യാതൊരു തടസവും തന്റെ ഭാഗത്തു നിന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കും. ബൂത്ത് അടിസ്ഥാനത്തില്‍ വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവും തന്നെ കടന്നാക്രമിച്ചിട്ടില്ല. അങ്ങനെ ആക്രമിക്കാന്‍ ആരും തയാറാവില്ല. ബി.ജെ.പി കേന്ദ്രകമ്മിറ്റിയംഗം ശിവരാജന്‍ തനിക്കെതിരെയല്ല രംഗത്ത് വന്നത്.

തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയില്‍ സംസ്ഥാന അധ്യക്ഷന് തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോള്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോള്‍ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി.

വി. മുരളീധരന്റെ കാലത്തും തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോണ്‍ഗ്രസിന്റെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *