സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയില്‍ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തില്‍ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവ രണ്ടാമതും എത്തിയതോടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
വാകേരി സിസിയിലെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലെത്തിയാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നു. എന്നാല്‍, കയര്‍ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കഴിക്കാനാണു കടുവ ഇവിടെ എത്തിയതെന്നാണ് നിഗമനം.
