കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതിയാകും. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നെയ്യ് ക്രമക്കേടിലൂടെ ദേവസ്വം ബോര്‍ഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും.

മുരാരി ബാബു മരണപ്പെട്ടെങ്കിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീട് തുടര്‍നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടും അവരെ ഒഴിവാക്കി, ഉയര്‍ന്ന തുക കോട്ട് ചെയ്ത മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതിലൂടെയാണ് ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടായത്.

ശബരിമലയിലെത്തിച്ച നെയ്യില്‍ ഗുണനിലവാരക്കുറവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഗുണനിലവാരമുള്ള നെയ്യാണ് തങ്ങള്‍ കൈമാറിയതെന്നാണ് മില്‍മയുടെ വിശദീകരണം.

നിലവില്‍ മില്‍മ ഉദ്യോഗസ്ഥരെ തത്കാലം പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *