ലഖ്‌നൗ: വീണ്ടും വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വാദം. യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും’- യോഗി പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.

യുപിയില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചു. ഒരു യോഗി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

‘ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണ്. 2017ന് മുമ്പ് യുപിയില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഹിന്ദുവിന്റെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാല്‍ 2017ന് ശേഷം കലാപം നിലച്ചു’- ആദിത്യനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *