മലപ്പുറം: ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതിന് പിന്നാലെ നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്. നേരത്തെ ക്വാറിയിലേക്കെന്ന് കരുതി ഒരു ലോറിയിൽ എത്തിച്ച സ്‌ഫോടകവസ്തുൾ പിടികൂടിയ കേസിലാണ് പരിശോധന നടക്കുന്നത് എന്നാണ് റിപ്പോർട്ട്.

കാസർഗോഡ് ബദിയടുക്ക മുഗുവിലും എൻഐഎ റെയ്‌‌ഡ് നടത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംങ്കോളി മുഗുവിലെ മുഹമദ് സലീമിൻ്റെ വീട്ടിലാണ് ഇന്ന് രാവിലെയോടെ പരിശോധന നടത്തിയത്.

കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അനിൽകുമാറിൻ്റെ വീട്ടിലാണ് റെയ്‌ഡ്‌ നടത്തിയത്. മലപ്പുറത്ത് ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. സ്ഫോടക വസ്തു പിടികൂടിയ വാഹനത്തിൻ്റെ ഡ്രൈവറായിരുന്നു അനിൽകുമാർ. ഇന്ന് പുലർച്ചെയാണ് എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്. റെയ്‌ഡ്‌ നടക്കുമ്പോൾ അനിൽകുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു. ഈ കേസിൽ രണ്ട് മാസം അനിൽകുമാർ ജയിലിൽ ആയിരുന്നു

കോഴിക്കോട് മുക്കം എരഞ്ഞിമാവിലും എൻഐഎ പരിശോധന നടത്തിയിരുന്നു. എരഞ്ഞിമാവ് സ്വദേശി ഹാരിസിൻ്റെ എക്സലൻ്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും ആണ് പരിശോധന നടത്തിയത്. രണ്ടു മാസം മുൻപ് തിരൂരങ്ങാടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ ഹാരിസ് ഉൾപ്പെടെ ഏഴ് പ്രതികളാണ് ഉള്ളത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കോഴിക്കോട് മുക്കം ഇരഞ്ഞമാവ് സ്വദേശിയായ ഹാരിസിന്റെ വസതിയിലും ഇയാൾ ഉടമസ്ഥനായ ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും എൻഐഎ സംഘം റെയ്ഡ് ആരംഭിച്ചത്.

ഈ വർഷം ഫെബ്രുവരി ആദ്യവാരം മലപ്പുറം ചെമ്മാട് വെച്ച് പുല്ല് കടത്തുന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ തിരൂരങ്ങാടി പോലീസ് ആണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളത്. ഈ കേസ് എൻഐഎ ഏറ്റെടുത്തതിനെത്തുടർന്നാണ് ഇപ്പോൾ വ്യാപകമായ പരിശോധനകൾ നടക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ ഹാരിസിനെ കൂടാതെ മറ്റു പ്രതികളുടെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് പുരോഗമിക്കുകയാണ്. രണ്ടാം പ്രതി ഷറീഫ് (മുക്കം), മൂന്നാം പ്രതി മുഹമ്മദ് സലീം (ഹോസ്‌ദുർഗ്, കാസർഗോഡ്), നാലാം പ്രതി അനിൽ കുമാർ (ചെറുപുഴ, കണ്ണൂർ), അഞ്ചാം പ്രതി നിസാർ (കോഴിക്കോട്), ആറാം പ്രതി ഇർഷാദ് (മുക്കം), ഏഴാം പ്രതി കർണറുദ്ദീൻ (ചെമ്മാട്) എന്നിവരുടെ കേന്ദ്രങ്ങളിലാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി എൻഐഎ പരിശോധന നടത്തുന്നത്. നിലവിൽ ഏഴു പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *