ബെംഗളൂരു: ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുനൽകി ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്ലാന്റ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ തിപ്പസാന്ദ്ര കാമ്പസിൽ സജ്ജീകരിച്ച ‘ആദിത്യ പ്ലാന്റ്’ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.
അതിവേഗ ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ബി-28 കോച്ചുകളാണ് ഈ പ്ലാന്റിൽ നിർമ്മിക്കുക. ഇത് ഇന്ത്യയുടെ എൻജിനീയറിങ് രംഗത്തെ വലിയൊരു കുതിച്ചുചാട്ടമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി കുറയും. ഇത് ഇരുനഗരങ്ങളെയും ഒരൊറ്റ സാമ്പത്തിക ഹബ്ബിന്റെ ഭാഗമാക്കും. അടുത്ത വർഷം മാർച്ചോടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാളത്തിലിറക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ബെംഗളൂരുവിനെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ സർവീസുകളും മന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ ആരംഭിക്കും. മംഗളൂരു- ബെംഗളൂരു വന്ദേഭാരത് സർവീസ് ഉടൻ തുടങ്ങും. ഹുബ്ബള്ളിയിൽ നിന്ന് പുതിയ എൽ.എച്ച്.ബി കോച്ചുകളുള്ള മെയിൽ എക്സ്പ്രസ് സർവീസ് ആരംഭിക്കും. മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള പുതിയ ട്രെയിനുകൾ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്ര കൂടുതൽ സുഗമമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
