കോഴിക്കോട്∙ കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ‌ എന്ന് സംശയിക്കുന്നവർ‌ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദീഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്.

19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ‌ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. കാർ പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറുന്നതും കാർ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രണ്ടു പേർ ഹോട്ടലിൽ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൂന്നാമത്തെയാൾ കാറിൽ ഉണ്ടെന്നാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *