നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ സസ്പെൻഡ് . അനിൽ കുമാർ, സന്ദീപ് എസ് എന്നിവരടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവർ സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ വിവിധ യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്നവരായതിനാൽ, പോലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ, പ്രതിഷേധക്കാരെ മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ‘രക്ഷാപ്രവർത്തനം’ ആണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. മുഖ്യമന്ത്രി തന്നെ ഗൺമാൻമാരുടെ നടപടിയെ പരസ്യമായി ന്യായീകരിച്ചത് കോൺഗ്രസ് ക്യാമ്പുകളിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു.
തുടക്കത്തിൽ പോലീസ് നടപടിയെടുക്കാൻ മടി കാണിച്ചതോടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർക്കെതിരെ മർദ്ദനത്തിന് പ്രേരിപ്പിക്കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
