കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയില്‍ ബുധനാഴ്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്.
ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെയും തഹസില്‍ദാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു.
പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് ഒരു സഹായവും നല്‍കാതെ സര്‍ക്കാര്‍ കേസെടുക്കുകയാണെന്ന് ടി. സിദ്ദീഖ് എം.എല്‍.എ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാന്‍ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും സിദ്ദീഖ് പറഞ്ഞു.
ബുധനാഴ്ച ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ അട്ടമല ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളെയടക്കം പുറത്തേക്ക് എത്തിച്ചിരുന്നു. മഴ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചും ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.