കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.
യുഎസ്എയിലെ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത അറിയിച്ചു. പിന്നാലെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ജാവലിനില്‍ വെള്ളി നേടിയതിനു പിന്നാലെയാണ് താരത്തിന്റെ പിന്മാറ്റം. ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *