കൊച്ചി നഗരത്തില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷണ ശ്രമം.

മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. ഏഴോളം ഇടപാടുകാര്‍ക്ക് 25,000 രൂപ നഷ്ടമായി. കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം പുറത്തുവരുന്നത്. കളമശ്ശേരി, തൃപ്പുണിത്തുറ, ചേന്ദമംഗലം, തിരുവാങ്കുളം, വൈറ്റില, എടപ്പള്ളി, ബാനര്‍ജി റോഡ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. പണം പിന്‍വലിക്കാന്‍ സാധിക്കാതായതോടെ ഇടപാടുകാര്‍ ബാങ്കില്‍ അറിയിക്കുകയും സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ കളമശ്ശേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും തൃക്കാക്ക എസിപി പി.വി. ബേബി പറഞ്ഞു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും സമാന രീതിയില്‍ പണം നഷ്ടപ്പെട്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *