തമിഴകത്തെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകരിൽ ഒരാളാണ് അറ്റ്‍ലി. ‘തെറി’, ‘മേഴ്‍സൽ’, ‘ബിഗിൽ’ എന്നീ വിജയ് ചിത്രങ്ങളിലൂടെ ആരാധകർക്ക് ആവേശം നൽകിയ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാനാ’ണ് ഇപ്പോൾ അറ്റ്‍ലീ സംവിധാനം ചെയ്യുന്നത്. വിജയ്‍യുമായി അറ്റ്‍ലീ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്.
വിജയ്‍യുടെ അറുപത്തിയെട്ടാം ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‍ലീ ആയിരിക്കും. 300 കോടി ബജറ്റിലുള്ള പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് തെനണ്ടൽ ഫിലിംസ് ആയിരിക്കും. പ്രാഥമിക ചർച്ചകൾ തുടങ്ങി എന്നുമാണ് റിപ്പോർട്ട്. വിജയ് ‘വരിശ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് ‘വരിശും’ ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ വിജയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്.വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.