പത്തനംതിട്ടയിലെ കോന്നി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോജ് ഡൽഹിയിൽ പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്കായി ഈ വർഷം 200 അധിക സീറ്റുകൾ സംസ്ഥാനത്തിന് ലഭിച്ചു.

പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ടവ്യയുമായി വീണാ ജോർജ് ഇന്ന് ഡൽഹിയിൽ കൂടി കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് വീണാ ജോർജ് പറഞ്ഞു.
സർക്കാരിനെയും സംസ്ഥാനത്തെയും സംബന്ധിച്ച് ആരോഗ്യമേഖലയിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ യോഗം ചേർന്ന് ഏകോപിപ്പിച്ചിരുന്നു. -250 കോടി രൂപയിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. മെഡിക്കൽ കോളജിന്റെ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുകയും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി രൂപീകരിക്കുകയും ചെയ്തു.

ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ബുക്കുകൾ, ക്ലാസ് റൂം, ലേബർറൂം, ബ്ലെഡ് ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണൽ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിർമ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നൽകി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *