കന്നഡ ചിത്രം ‘കാന്താര’ യെ പ്രശംസിച്ച് രജനികാന്ത്. ‘കാന്താര’ കണ്ട് തനിക്ക് രോമാഞ്ചമുണ്ടായിയെന്നാണ് രജനികാന്ത് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഋഷഭ് ഷെട്ടിയെ രജനികാന്ത് പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്‍തു.
‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.സ്വപ്‍നം സഫലമായതുപോലെയാണെന്നും ഗ്രാമീണ കഥകള്‍ ചെയ്യാൻ തനിക്ക് പ്രചോദനമായത് രജനികാന്ത് ആണെന്നും റിഷഭ് ഷെട്ടി മറുപടി നല്‍കി. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
