പാലക്കാട്: ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസിനെ രൂക്ഷമായി പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്‍.എന്‍ കൃഷ്ണദാസ് കാണിച്ചത് സി.പി.എം നേതൃത്വത്തിന്റെ സംസ്‌കാരമെന്ന് രാഹുല്‍ പ്രതികരിച്ചു. കൃഷ്ണദാസിന്റെ പ്രതികരണം ജനാധിപത്യ വിരുദ്ധമെന്ന് ഷാഫി പറമ്പില്‍ എം.പിയും പ്രതികരിച്ചു. ഷാനിബ് ആര്‍ക്കൊപ്പം കൂടിയാലും ബി.ജെ.പിക്ക് സഹായമാകുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികള്‍’ എന്ന വാക്ക് തുടര്‍ച്ചയായി പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടര്‍ന്നു. ഷുക്കൂറിന്റെ പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണദാസ് സമ്മതിച്ചില്ല. എങ്ങോട്ടാണ് പോയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ”ഇഷ്ടമുള്ളയിടത്ത് പോകും, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല” എന്നും മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരെത്തി മാധ്യമ പ്രതിനിധികളോട് പോകാനാവശ്യപ്പെട്ടു.