ന്യൂ ഡൽഹി: കോക്ക്രോച്ച് ജനതാ പാർട്ടി നേതാവ് സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. പാസ്‌പോർട്ടിലെ വ്യക്തിഗത വിവരങ്ങളിൽ കണ്ടെത്തിയ പൊരുത്തക്കേടുകൾ സൗരവിൻ്റെ ഇന്ത്യൻ പൗരത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

വിദേശയാത്ര തടഞ്ഞതിനെ ചോദ്യം ചെയ്ത് സൗരവ് ദാസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 23നാണ് മുംബൈ പൊലീസിന്റെ അഭ്യർഥനപ്രകാരം സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. പാസ്‌പോർട്ടിലെ ജനനസ്ഥലം, വിദ്യാഭ്യാസം, വിലാസം, മാതാപിതാക്കളെ സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ പൊരുത്തക്കേടുകളുണ്ടെന്നും ശർമ കോടതിയെ അറിയിച്ചു.

നവംബർ 23ന് ലണ്ടനിലേക്ക് പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സൗരവ് ദാസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്. ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസാണ് നവംബർ 23ന് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജനനസ്ഥലം സംബന്ധിച്ച വിവരങ്ങളിലെ പൊരുത്തക്കേടുകൾ വിശദീകരിക്കാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകുന്നതുവരെ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, യാത്ര തടയുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് തനിക്ക് നൽകിയിട്ടില്ലെന്നാണ് സൗരവ് ദാസിന്റെ വാദം.സൗരവ് ദാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ, ലുക്ക്ഔട്ട് സർക്കുലറിനെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോടതിയിൽ വാദിച്ചു. പാസ്‌പോർട്ട് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ വിദേശയാത്ര തടയാനാകില്ലെന്നും യാത്ര ചെയ്യാനുള്ള അവകാശം മൗലികാവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ പാസ്‌പോർട്ട് റദ്ദാക്കിയതായോ ഔദ്യോഗികമായി സസ്പെൻഡ് ചെയ്തതായോ ഉത്തരവില്ലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാസ്‌പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ച അന്വേഷണം പൂർത്തിയാകുകയും ബന്ധപ്പെട്ട അധികൃതർ തീരുമാനമെടുക്കുകയും ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *