ഇന്ത്യയില്‍ നിന്നടക്കമുള്ള മുഴുവന്‍ വാക്‌സിനുമെടുത്ത സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് കുഴപ്പമില്ലെന്ന് യു കെ. രാജ്യത്തേക്ക് വരുമ്പോള്‍ കോവിഡ് പരിശോധനാഫലം കയ്യില്‍ കരുതേണ്ടതില്ലെന്നും യു.കെ സര്‍ക്കാര്‍ അറിയിച്ചു. അടുത്തമാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക.

ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ഫെബ്രുവരി 11-ന് പുലര്‍ച്ചെ 4 മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (PLF) ആവശ്യമാണ്.

വാക്സിനേഷന്‍ മുഴുവന്‍ ഡോസും എടുത്തിട്ടില്ലാത്തവര്‍ ജനുവരി 24-ന് പ്രഖ്യാപിച്ച മാറ്റങ്ങള്‍ അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആര്‍ പരിശോധനയും നടത്തണം. അല്ലെങ്കില്‍ യു.കെയില്‍ എത്തി രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന നടത്താം. ഫലം പോസിറ്റീവാണെങ്കില്‍ മാത്രം സ്വയം നിരീക്ഷണത്തില്‍ പോവുക.

രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് ഇംഗ്ലണ്ടിലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ നിലയോ അല്ലെങ്കില്‍ മുമ്പ് രോഗം ബാധിച്ചിരുന്നു എന്നുള്ളതിന്റെയോ തെളിവ് ഡിജിറ്റല്‍ എന്‍.എച്ച്.എസ് കോവിഡ് പാസിന്റെ രൂപത്തില്‍ ഹാജരാക്കാം. ഫെബ്രുവരി 3 മുതലാണ് ഈ പാസ് അനുവദിക്കുക.

യാത്രാ നയത്തിലെ മാറ്റങ്ങള്‍ ഫെബ്രുവരി പകുതിക്ക് മുമ്പായി പ്രാബല്യത്തില്‍ വരും. യുകെയിലെ ബൂസ്റ്റര്‍ പ്രോഗ്രാം വന്‍വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *