കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ് പി.സി. ജോര്‍ജ്. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പി.സി. ജോര്‍ജിന്റെ ആരോഗ്യം മോശമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ നിലവില്‍ ജാമ്യം ആവശ്യമില്ലെന്നും ഇപ്പോള്‍ നല്‍കുന്നത് മികച്ച ചികിത്സയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു.
മുമ്പും സമാനമായ മതവിദ്വേഷ പരാമര്‍ശങ്ങള്‍ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് പൊലീസില്‍ നിന്നു ഈ കേസുകളുടെ വിശദാംശങ്ങള്‍ വാങ്ങി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.