സിനിമാ മേഖലയിൽ മീ ടൂ ആരോപണങ്ങൾ കൂടുതലായി ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സംസ്ഥാന സർക്കാർ . അടുത്ത മാസം നാലിന് യോഗം ചേരും.

റിപ്പോർട്ട് സമർപ്പിച്ച് ഒന്നര വർഷം പിന്നിടുമ്പോളാണ് സർക്കാർ യോഗം വിളിക്കാൻ തീരുമാനിക്കുന്നത്. മെയ് നാലാം തീയതി തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ യോഗംചേരും. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതിനിടെ അടൂര്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമനിര്‍മാണത്തിന് മുന്‍പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *