സ്കൂളിലെ അധ്യാപക തസ്തികകൾ നിലനിർത്താനായി വ്യാജമായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചു കാട്ടിയ ചൂരക്കോട് ഗവ. എൽ.പി.എസിലെ പ്രഥമാധ്യാപികയടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്തു. ഹെഡ്മിസ്ട്രസ് എം.ഡി. ശ്രീകല, അധ്യാപകരായ എ. രാധിക, ബി.എൻ. സൂഫിയ, എസ്. അജിതകുമാരി, വിഷ്ണു രാജ് എന്നിവർക്കെതിരെയാണ് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.
സ്കൂളിൽ ക്രമക്കേട് നടക്കുന്നുവെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2026 മാർച്ചിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. സ്കൂളിലെ യു.കെ.ജിയിൽ പഠിക്കുന്ന 11 കുട്ടികളെ ഒന്നാം ക്ലാസിലെ പട്ടികയിൽ ഉൾപ്പെടുത്തി. ഇത്തരത്തിൽ ഒന്നാം ക്ലാസിൽ ആകെ 63 കുട്ടികളുണ്ടെന്ന് വ്യാജരേഖ ചമച്ചു. 63 കുട്ടികളെ കാണിച്ചതിലൂടെ ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനുകളും മൂന്ന് അധ്യാപക തസ്തികകളും സ്കൂളിന് അനുവദിച്ചു കിട്ടി. എന്നാൽ യഥാർത്ഥത്തിൽ ഇവിടെ 52 കുട്ടികൾ മാത്രമാണുള്ളത്. ഇതുപ്രകാരം രണ്ട് ഡിവിഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
ഹാജർ ബുക്കിൽ പേരുള്ള നാല് കുട്ടികൾ വർഷം മുഴുവൻ ഒരു ദിവസം പോലും സ്കൂളിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. തസ്തിക നിർണ്ണയത്തിനായി ഇവരെയും കണക്കിൽ ഉൾപ്പെടുത്തി. സ്കൂളിലെ തന്നെ അധ്യാപികയായ സിബി മാത്യുവിന്റെ മകളെയും ഒന്നാം ക്ലാസിൽ ചേർത്തതായി രേഖയുണ്ടാക്കി. എന്നാൽ കുട്ടി സ്കൂളിൽ ഹാജരായിരുന്നില്ല. ഈ അധ്യാപികയോട് വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
