നടനും ബിഗ്‌ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതി ആരോപിക്കുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു . മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോര്‍ഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു പിടിയിലായത്. അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.
