തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിഷേധത്തിനിടെ മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ചു എന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് മന്ത്രിക്ക് പരിക്കേൽക്കുകയും അവർ അവശയാകുകയും ചെയ്തിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.

സംഭവസമയത്ത് താനും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ഒരു സഭാംഗം പ്ലാറ്റ്‌ഫോമിൽ അവശയായി ഇരിക്കുമ്പോൾ തനിക്ക് വന്ദേഭാരത് ട്രെയിനിൽ കയറിപ്പോകാൻ കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാനാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. വനിതാ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് പെൺകുട്ടികൾ വരാത്തതെന്ന് ഷംസീർ ചോദിച്ചു. സംഘടനയിൽ പെൺകുട്ടികളില്ലേ എന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിന്റെ ഭാഗമായി ജയിലിൽ കിടക്കുന്നത് അപരാധമായി കോൺഗ്രസ് കാണേണ്ടതില്ല. ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുള്ളതുപോലെ അതിന്റെ ഭാഗമായുള്ള നിയമനടപടികൾ നേരിടാനും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു മന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *