ആചാരപ്പെരുമയുടെയും താളമേളങ്ങളുടെയും വിസ്മയക്കാഴ്ചകൾക്ക് വിരാമമിട്ട് തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 230-ാമത് തൃശൂർ പൂരത്തിനാണ് പൗഢഗംഭീരമായ പരിസമാപ്തിയായത്. തൃശൂർ പൂരത്തിന്റെ സമാപന ചടങ്ങായ പകൽപൂരത്തിന്റെ മേളം പൂർത്തിയാക്കി തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾ വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലെത്തിയാണ് പരസ്പരം യാത്രപറഞ്ഞത്. അടുത്ത വർഷത്തെ പൂരം ഏപ്രില്‍ 17-ന് നടക്കും.
പൂരദിനം ലോകത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, പകൽപൂരത്തിന്റെ ഓരോ നിമിഷവും തൃശൂർക്കാരായ ദേശക്കാരുടേതാണ്. രാവിലെ ഏഴരയോടെ പാറമേക്കാവിലമ്മ മണികണ്ഠനാലിൽ നിന്ന് 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം കൊട്ടിക്കയറി പത്തുമണിയോടെ ശ്രീമൂലസ്ഥാനത്തെ പന്തലിലെത്തി. രണ്ടു മണിക്കൂർ നീണ്ട ആവേശകരമായ കൊട്ടിക്കലാശമാണ് ഇവിടെ നടന്നത്.
തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറി എഴുന്നള്ളി. ചെറുശ്ശേരി കുട്ടൻ മാരാരായിരുന്നു മേളപ്രമാണി. പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂലസ്ഥാനത്തെത്തി. പാറമേക്കാവ് വിഭാഗം ആദ്യം മേളം കലാശിച്ച് പടിഞ്ഞാറേ നടയിലെത്തി തിരുവമ്പാടിയെ കാത്തുനിന്നു. പിന്നാലെ മേളം കലാശിച്ച് എത്തിയ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. ഇതേസമയം പാറമേക്കാവ് വിഭാഗം നടുവിലാൽ ഗണപതിയെ വണങ്ങാനായി താഴേക്ക് പോയി.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇരുവിഭാഗങ്ങളും മുഖാമുഖം എത്തി. അടുത്ത കൊല്ലം ഏപ്രിൽ 17-ന് വീണ്ടും കാണാമെന്ന ഉറപ്പോടെ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഇത്തവണത്തെ പൂരത്തിന് തിരശ്ശീല വീണു.
