മലപ്പുറം : എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തിയെന്നടക്കമുള്ള പിവി അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അന്‍വറിന്റെ ഓരോ പരാമര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു നമസ്‌തേ കേരളത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം.

‘അന്‍വര്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. അന്‍വറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്റെ പാര്‍ട്ടി പറയും. നൂറ് ശതമാനം കോണ്‍ഫിഡന്റാണ്. നിലമ്പൂര്‍ യുഡിഎഫിന്റെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും എന്റെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. നൂറ് ശതമാനം കോണ്‍ഫിഡന്റായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂര്‍ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരില്‍ ജീവിക്കുന്ന എന്നെ കുറിച്ച് എന്റെ നാട്ടുകാര്‍ക്ക് അറിയാമെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *