ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. ഇക്കാര്യത്തില്‍ ഡി.എം.കെയുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കമലിന്റെ രാജ്യസഭ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
അന്‍പുമണി രാംദാസ്, എം.ഷണ്‍മുഖം, എന്‍.ചന്ദ്രശേഖരന്‍, എം. മുഹമ്മദ് അബ്ദുല്ല, പി.വില്‍സണ്‍, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണല്‍.