കേരളത്തിൽ വേനൽമഴ സജീവമാകുന്നതോടെ സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ഒപ്പം വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മികച്ച മഴ ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ ഉയർന്ന താപനില മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലുൾപ്പെടെ മഴ ശക്തമാകാനാണ് സാധ്യത. ഇതിന്റെ ഭാഗമായി നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ചയോടെ മധ്യകേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
