എടക്കാട്: കടപ്പുറത്തെ പാറയില്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാല്‍ വഴുതി കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന്‍ ഫര്‍ഹാന്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 34ല്‍ ഏഴരക്കടപ്പുറത്തെ പാറയില്‍ ഇരിക്കവെ കാല്‍ വഴുതി കടലില്‍ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകള്‍ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്നു തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെ രണ്ടുദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിരുന്നു.
ഫര്‍ഹാന്‍ അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ഓടിയെത്തിയെങ്കിലും കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഫര്‍ഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.